അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ അക്രമിയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
വാഷിങ്ങ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമിയായ വിദ്യാർഥിനി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അമെരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിലെ അധ്യാപകനും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. വിസ്കോൺസിനിലെ മാഡിസണിലുള്ള എബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വിദ്യാർത്ഥി തോക്കുമായെത്തി വെടിയുതിർത്തത്. കിന്റർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മാഡിസൺ പൊലീസ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെപ്പിന് ശേഷം വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമി കൊല്ലപ്പെട്ടിരുന്നുവന്ന് പൊലീസും വ്യക്തമാക്കി.
എന്നാൽ വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്നും അക്രമിയായ വിദ്യാർത്ഥിനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.