മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; പുനെയിൽ ഒമ്പത് വയസുകാരൻ പൊലീസ് പിടിയിൽ
പുനെ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് ഒമ്പത് വയസുകാരൻ പിടിയിൽ. പൂനെയിലെ കോണ്ട്വയിൽ ചൊവ്വാഴ്ചയാണ് സംഭവം.
പൊലീസ് ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിക്ക് ജാമ്യം അനുവദിക്കുകയും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയും ചെയ്തു. ഒരേ പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബക്കാരും അയൽവാസികളാണ്.
പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പൊലീസിൽ വിവരമറിയിച്ചു.
ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തു. സംഭവത്തെ കുറിച്ച് കുഞ്ഞ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ഭാരതീയ ന്യായ സൻഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനവും ആക്രമണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ചോദ്യം ചെയ്യലിൽ കുട്ടി സോഷ്യൽ മീഡിയയുടെ ദുർസ്വാധീനമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ ഇടയാക്കിയതെന്ന് സമ്മധിച്ചതായി പൊലീസ് സബ് ഇൻസ്പെക്ടർ സ്നേഹൽ ജാദവ് പറഞ്ഞു.