തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു
തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെ പിടികൂടുന്നതിനിടെ പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജേഷ് കെ ജോണിൻറെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ സമൂഹ മാധ്യമങ്ങളിലുടെയാണ് പ്രതി പരിചയപ്പെടുന്നത്.
ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തി. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കുട്ടിയെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ തമിഴ്നാട്ടിലെത്തി പ്രതിയെ പിടികൂടി.
കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ഇയാളും സുഹൃത്തുകളും ചേർന്ന് പൊലീസിനെ ആക്രമിച്ചു. വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പ്രതി എസ്ഐയുടെ കൈയ്ക്ക് കടിച്ചത്.
പിന്നീട് സാഹസികമായാണ് സംഘം പ്രതിയെ വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്നിൽ ഹാജരാക്കി.