പൂരത്തിന് ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി നിയന്ത്രണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ച് മാർഗ നിർദേശം പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2012ലെ ചട്ടങ്ങൾ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാവില്ലെന്നും നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജിയിലാണ് വിധി. ഹൈക്കോടതി ഉത്തരവിട്ടതുപോലെ ആനകൾക്ക് എങ്ങനെയാണ് മൂന്നു മീറ്റർ അകലം പാലിക്കാനാവുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
പകൽ ഒമ്പത് മുതൽ അഞ്ച് മണി വരെ എഴുന്നള്ളിപ്പ് നടത്താനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മിക്ക ആഘോഷങ്ങളുടേയും സമയം പകൽ ഒമ്പത് മുതൽ അഞ്ച് മണി വരെയാണെന്നും, അതിനാൽ ആ നിർദേശം പാലിക്കാനാകില്ലെന്നും സുപ്രീം കോടതി. ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന അഭിപ്രായപ്പെട്ടു. ട
നിയമങ്ങൾ പാലിച്ചല്ലേ പൂരം അടക്കം നടക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ, ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിൻറെ ഭാഗമല്ലെന്നും, ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.