കോതമംഗലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻറെ മകൾ മുസ്ക്കാനാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നതായിരുന്നു കുഞ്ഞ്. എന്നാൽ രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരു എന്നാണ് മാതാപിതാക്കളുടെ മൊഴി. കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും മാതാപിതാക്കൾ മറ്റൊരു മുറിയിലും ആയിരുന്നു കിടന്നുറങ്ങിയിരുന്നത്.
മരണ കാരണം എന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.