കോതമംഗലത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല
കോതമംഗലം: നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മുസ്കാന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. കേസിൽ രണ്ടാനമ്മ അനീഷ അറസ്റ്റിലും പിതാവ് അജാസ് ഖാന് കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അജാസിന്റെയും അനീഷയുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, ബന്ധുക്കൾ എപ്പോൾ എത്തുമെന്നതിൽ വ്യക്തതയില്ല. അനിഷയുടെ സ്വന്തം മകൾ രണ്ടുവയസുകാരി എൽമയും സംഭവത്തോടെ തനിച്ചായി.
നിലവിൽ പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. 25 വർഷംമുമ്പാണ് അജാസിന്റെ കുടുംബം നെല്ലിക്കുഴിയിൽ എത്തിയത്. ഇവിടത്തെ ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അജാസ് രണ്ടുവർഷംമുമ്പാണ് നെല്ലിക്കുഴിയിൽ സ്ഥലം വാങ്ങി വീടുവച്ചത്.