തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു. ചെങ്കൽ ഗവ. യു.പി.എസിലെ വിദ്യാർത്ഥിനിക്കാണ് പാമ്പുകടിയേറ്റത്.
ചെങ്കൽ സ്വദേശികളായ ജയൻ നിവാസിൽ ഷിബു- ബീന ദമ്പതികളുടെ മകൾ നേഹയ്ക്കാണ്(12) പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. ആഘോഷത്തിനിടെ നേഹയുടെ വലതുകാൽ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു.
കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്കൂൾ അധികൃതർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
പെൺകുട്ടിയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കടിച്ച പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചുകൊന്നു. സ്കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.