പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു
ന്യൂഡൽഹി : പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. എംപിമാരായ ടി എന്‍ പ്രതാപന് ,രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
എംപിമാരുടെ സസ്പെഷന് പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ഇനി ലോക്സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തിയുള്ള പ്രതിഷേധം പാടില്ലെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. അത്തരത്തില്‍ പ്രതിഷേധം നടത്തിയാല്‍ ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിലക്കയറ്റത്തിന് എതിരെയാണ് എംപിമാര്‍ പ്രതിഷേധിച്ചത്. വിലക്ക് മറികടന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎന്‍ പ്രതാപന് സഭയില്‍ പറഞ്ഞിരുന്നു.
രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അക്കാര്യം പറയാന്‍ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.