മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട കാര്യമില്ല; കേസിന്റെ ഗൗരവം മനസ്സിലാക്കി പെരുമാറണമെന്ന് വി.ഡി സതീശൻ
ഇടുക്കി: മാസപ്പടി കേസിൽ കുറ്റപത്രം കൊടുത്തതിനെ സംബന്ധിച്ച് നടത്തിയ പ്രതികരണത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഒരു രാഷ്ട്രീയ പ്രേരിതമായിട്ട് ഉണ്ടായ കേസല്ല. ഇൻകം ടാക്സിന്റെ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളാണ്. ഇതിനകത്ത് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട്. അത്കൊണ്ടുതന്നെ കേസെടുക്കേണ്ട ഒരു സംഭവം തന്നെയാണ്. അതിനാൽ തന്നെ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോൾ അദ്ദേഹത്തിന് എതിരായി സ്വാഭാവികമായും ആരോപണങ്ങൾ ഉണ്ടാകും. ഇതിൽ അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങൾക്ക് നേരെയും ക്ഷുഭിതനാകേണ്ട യാതൊരു ആവശ്യവും ഇല്ല. ഈ കേസിന്റെ ഗൗരവം മനസ്സിലാക്കി അദ്ദേഹം പെരുമാറണം. അത്പോലെ തന്നെ ആശാവർക്കർമാരുടെ സമരത്തെ മുഖ്യമന്ത്രി തള്ളിപറഞ്ഞത് വളരെ മോശമായി പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര സമര യാത്രയുടെ തുടർച്ചയുടെ ഭാഗമായി നിസംഗരായിരിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കരുകൾക്ക് എതിരെ കോടനാട് യു.ഡി.എഫിന്റെ ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





Latest News

