രണ്ട് ഉപഗ്രഹങ്ങളും ഉദ്ദേശിച്ച ഭ്രമണപദത്തില്‍ എത്തിക്കാനായില്ല; എസ്എസ്എല്‍വി ആദ്യ ദൗത്യം പരാജയമെന്ന് ഐഎസ്ആര്‍ഒ
ചെന്നൈ: രാജ്യത്തെ 75 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ആസാദിസാറ്റ് അടക്കം രണ്ട് ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുളള എസ്എസ്എല്‍വി വിക്ഷേപണ ദൗത്യം ലക്ഷ്യം കണ്ടില്ല. സെന്‍സര്‍ തകരാറാണ് പ്രശ്നമായത് എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി) പ്രഥമ വിക്ഷേപണത്തില്‍ രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിക്കാനായില്ല. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആസാദിസാറ്റിനൊപ്പം എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്(ഇഒഎസ്-2) എന്ന ഉപഗ്രഹവുമാണ് ദൗത്യത്തിലുണ്ടായിരുന്നത്. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതായിരുന്നു പ്രശ്നം. വിക്ഷേപണത്തിൻ്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ സാങ്കേതിക പ്രശ്നം സംഭവിച്ചതായിരുന്നു കാരണം. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിൻ്റെ നേതൃത്വത്തില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നിന്നുളള 750 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് ആസാദിസാറ്റ്. മലപ്പുറത്തെ മംഗലം സര്‍ക്കാര്‍ സ്കൂളിലേതടക്കം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഇതിലുണ്ടായിരുന്നു. ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്