റിസോര്‍ട്ട് പൊളിച്ചത് തെളിവുകൾ നശിപ്പിക്കാന്‍; അങ്കിതയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് കുടുംബം
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ബിജെപി നേതാവിന്റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം. അന്വേഷണത്തിൽ സംശയമുള്ളതായും അങ്കിതയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും അങ്കിതയുടെ പിതാവ് ആവശ്യപ്പട്ടു. സംസ്കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അങ്കിതയുടെ മരണശേഷം റിസോര്‍ട്ട് തകര്‍ത്തത് എന്തിനെന്ന് വ്യക്തമാക്കണം. അങ്കിതയുടെ ദേഹത്ത് മുറിവുകളുണ്ട്. ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാൽ തന്നെ അന്തിമ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് പിതാവിന്റെ ആവശ്യം. മാത്രമല്ല, പുൽകിത് ആര്യയുടെ റിസോര്‍ട്ട് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം പൊളിച്ച് നീക്കിയതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രധാന തെളിവുകൾ ലഭിക്കേണ്ട റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനാണ് കേസിലെ പ്രധാന പ്രതി എന്നതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നു. കൂടാതെ കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ കേൾക്കണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.