സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ഹത്രാസില്‍ പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍; ലക്നൗ കോടതി ജാമ്യാപേക്ഷ തള്ളി
ന്യുഡൽഹി:മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. ഇഡി കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. ഹത്രാസിലേക്ക് കാപ്പന് പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാനാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖ് കാപ്പന്റെഅക്കൗണ്ടിലേക്കെത്തിയ 45000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി കോടതിയില്‍ വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിലെ ഭാരവാഹികളുമായി ബന്ധം പുലര്‍ത്തി പിഎഫ്ഐ മീറ്റിങ്ങുകളില്‍ കാപ്പന് പങ്കെടുത്തിരുന്നു.സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പന് ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.ഇതിനെ ശരിവെച്ചുകൊണ്ടാണ് കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. 2020 ഒക്ടോബര്‍ 5ന് ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുവഴിയാണ് സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.സുപ്രീം കോടതിയില്‍ യുഎപിഎ കേസില്‍ കാപ്പന് ജാമ്യം ലഭിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.