കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം വിധിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹയുണ്ടെന്ന് സുപ്രീംകോടതി. 9 പേര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കാനാണ് ജസ്റ്റിസ് എം.ആര് ഷാ, എം.എം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബോട്ട് ഉടമയ്ക്ക് നല്കുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ബാക്കിയുള്ള 1.45 കോടി രൂപയാവും ഉടമയ്ക്ക് കൈമാറുക. ഒമ്പത് പേരില്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാല്‍ ഇവരുടെ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിര്‍ദ്ദേശം നല്കി. ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ 2012 ഫെബ്രുവരി 15-നാണ് എന്റിക്ക ലെക്സി കപ്പലില്‍നിന്ന് വെടിവയ്പുണ്ടായത്.വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്കൊപ്പം ബോട്ടുടമയ്ക്കും 2 കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങള്‍ക്കും അവകാശപെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഹര്‍ജിയിലാണ് കോടതി തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കിയതോടെ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് കൈമാറാനായി പത്ത് കോടി രൂപ നഷ്ടപരിഹാരം കേരളാ ഹൈകോടതിക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇറ്റലി സര്‍ക്കാര്‍ 10 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് 4 കോടി രൂപ വീതവും തകര്‍ന്ന സെന്റ് ആന്റണി ബോട്ടിന്റെ ഉടമയ്ക്ക് 2 കോടി രൂപയുമാണ് നല്‍കിയത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും 2020 മേയ് 21-ന് രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രിംകോടതി ശക്തമായ നിലപാടെടുത്തതോടെ ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്ടപരിഹാരത്തുക നിശ്ചയിക്കുകയും അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു