കൊവിഡ് 19 : ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം; രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: ചൈനയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര നിർദേശിച്ചു. രാജ്യത്ത് പുതിയ കൊവിഡ് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ‘ചൈനയ്ക്ക് പുറമേ യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിക്കേണ്ടതുണ്ട്. കൊറോണ വൈറസുകൾക്ക് പുതിയ വകഭേദങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് ഇന്ത്യൻ സാർസ്–കോവ്2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി പരിശോധിക്കണം. ഇത് വ്യാപനത്തെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കും. ഇത് ആരോഗ്യരംഗത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ പറയുന്നു. ലബോറട്ടറികളുടെ ഒരു ശൃംഖലയായ ഇൻസാകോഗ് ജനിതക വ്യതിയാനം നിരീക്ഷിക്കുകയും പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുയും ചെയ്യുന്നു. പുതിയ കേന്ദ്ര നിർദ്ദേശത്തിനനുസരിച്ച് എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകൾ ഇൻസാകോഗിലേക്ക് അയയ്ക്കണം. കേന്ദ്രത്തിൻ്റെ കണക്കുകൾ അനുസരിച്ച് ലോകത്ത് ആഴ്ചയിൽ 35 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതിയ 112 കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 3,490പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.