നാവികസേനയ്ക്ക് പുതിയ അന്തർവാഹിനി; ഐഎൻഎസ് വാഗിർ കൈമാറി
ന്യൂഡൽഹി: ഐഎൻഎസ് മർമഗോവയെന്ന യുദ്ധക്കപ്പലിനു പിന്നാലെ നാവികസേനയ്ക്കു കരുത്തായി പുതിയ അന്തർവാഹിനി കൂടിയെത്തുന്നു. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വാഗിർ എന്ന അന്തർവാഹിനി ഇന്നലെ സേനയ്ക്കു കൈമാറി. സ്കോർപ്പീൻ ക്ലാസിലുള്ള അഞ്ചാമത്തെ അന്തർവാഹിനിയാണു വാഗിർ. വൈകാതെ ഇതു കമ്മിഷൻ ചെയ്യും. പ്രോജക്റ്റ് 75 പ്രകാരം നിർമിച്ച അന്തർവാഹിനി പ്രതീക്ഷിച്ചതിലും ഒരു മാസം മുൻപേ പൂർത്തീകരിച്ചു കൈമാറുകയായിരുന്നു മുംബൈ മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡ്.നേവൽ ഗ്രൂപ്പ് ഒഫ് ഫ്രാൻസുമായി സഹകരിച്ചായിരുന്നു നിർമാണം. 2020 നവംബർ 12നാണ് അന്തർവാഹിനിയുടെ നിർമാണം തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനു കടലിലിറക്കി. ആയുധങ്ങളും സെൻസറുകളും ഉപയോഗിച്ചുള്ളതടക്കം എല്ലാ പരീക്ഷണങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയത് വലിയ നേട്ടമാണെന്നു നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൽ പറഞ്ഞു. അന്തർവാഹിനി നിർമാണം അതീവ സങ്കീർണമാണ്. എല്ലാ സാമഗ്രികളുടെയും മിനിയേച്ചറാണു വേണ്ടത്. എന്നാൽ, ഗുണനിലവാരത്തിൽ ഏറ്റവും മികച്ചതുമായിരിക്കണം. ആത്മ നിർഭർ ഭാരതിൽ ഇന്ത്യ സുപ്രധാനമായ ചുവടുവയ്പ്പാണു നടത്തിയിരിക്കുന്നതെന്നും മധ്വാൽ. തദ്ദേശീയമായി നിർമിച്ച മിസൈൽ നശീകരണക്കപ്പൽ ഐഎൻഎസ് മർമഗോവ ഞായറാഴ്ചയാണു കമ്മിഷൻ ചെയ്തത്. 2005 ഒക്റ്റോബറിൽ നേവൽ ഗ്രൂപ്പ് ഒഫ് ഫ്രാൻസുമായി ഒപ്പുവച്ച കരാർ പ്രകാരം ആറു സ്കോർപ്പീൻ അന്തർവാഹിനികളാണു മസഗോൺ ഡോക്കിൽ നിർമിക്കുന്നത്. 375 കോടി ഡോളറിന്റേതാണു പദ്ധതി. സാങ്കേതിക വിദ്യ ഫ്രാൻസ് നൽകും. ഇതു പ്രകാരമുള്ള ആദ്യ അന്തർവാഹിനി ഐഎൻഎസ് കൽവാരി 2017 ഡിസംബറിൽ കമ്മിഷൻ ചെയ്തു. 2019 സെപ്റ്റംബറിൽ ഐഎൻഎസ് ഖണ്ഡേരി, 2021 മാർച്ചിൽ ഐഎൻഎസ് കരഞ്ജ്, 2021 നവംബറിൽ ഐഎൻഎസ് വേല എന്നിവയും കമ്മിഷൻ ചെയ്തു. ഇതു കൂടാതെ പരമ്പരഗാത ശൈലിയിലുള്ള ആറ് അന്തർവാഹിനികൾ കൂടി നിർമിക്കുന്നുണ്ട് നാവികസേന. നിലവിൽ 15 പരമ്പരാഗത അന്തർവാഹിനികളും ഒരു ആണവ അന്തർവാഹിനിയുമാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്