ന്യൂമാൻ കോളേജിൽ എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനത്തിനായി എൻ.സി.സി ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സ്; ഉദ്ഘാടനം 29ന്
തൊടുപുഴ: ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമാൻ കോളേജിൽ കോളേജിന്റെ വജ്ര ജൂബിലി വർഷത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ പരിശീലനത്തിനായി നിർമ്മിച്ച ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സിന്റെ ഉദ്ഘാടനം 29ന് നടത്തുമെന്ന് കോളെജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.സി.സി കേരള ലക്ഷദ്വീപ് മേധാവി മേജർ ജനറൽ അലോക് ബേരി ഉദ്ഘാടനം നിർവഹിക്കും. കോളേജ് ക്യാമ്പസിനോട് ചേർന്നുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് വിവിധ പരിശീലന സംവിധാനങ്ങൾ ഉൾപ്പെടുന്ന 20 ഒബ്സ്റ്റക്കിൾ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
കോളേജ് ക്യാമ്പസിനോട് ചേർന്നുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് ടൈറ്റ് ബാലൻസ്, ക്ലിയർ ജമ്പ്, ഗേറ്റ് വാൾട്ട്, സിഗ് സാഗ്, ഡബിൾ ഡിച്ച്, റാംബ്, റൈറ്റ് ഹാൻഡ് ലെഫ്റ്റ് ഹാൻഡ് വാൾട്, 6 ഫീറ്റ് വാൾ എന്നീ പരിശീലന സംവിധാനങ്ങൾ അടങ്ങുന്ന 20 ഒബ്സ്റ്റക്കിൾ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കോളേജിലെ വിദ്യാർത്ഥികൾ അടുത്തകാലങ്ങളിൽ ഇന്ത്യയിലെ വിവിധ സേനാ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതാണ് വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കുവാൻ പ്രചോദനമായത് എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് അറിയിച്ചു.
എൻ.സി.സി കരസേന വിഭാഗത്തിന്റെ പരമോന്നത ക്യാമ്പായ തൽ സൈനിക് ക്യാമ്പിലെ പ്രധാന മത്സര ഇനമാണ് ഒബ്സ്റ്റക്കിൾ കോഴ്സ് ട്രെയിനിങ്ങ്. കേരളത്തിലെ ചുരുക്കം കോളേജുകളിലും സായുധസേനാ, കമാൻഡോ പരിശീലന കേന്ദ്രങ്ങളിലും മാത്രം സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനം കേഡറ്റുകളുടെ പരിശീലനത്തിനും യൂണിഫോം ഫോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കും ഏറെ ഉപകാരപ്പെടും.
വിദ്യാർഥികളുടെ സമഗ്ര വികസനത്തിനും ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനും ഒപ്പം സായുസേനയിലേക്കും മറ്റ് അഡ്വഞ്ചർ പരിശീലന പരിപാടികൾക്കും ഏറെ ഉപകരിക്കുന്ന പരിശീലന കോംപ്ലക്സ് സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ശാസ്ത്രീയമായി ഉപകാരപ്പെടുത്തുമെന്ന് കോളേജ് മാനേജർ മോൺ ഡോ. പയസ്സ് മലേകത്തിൽ അറിയിച്ചു. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോളേജ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു കോളേജ് ബർസാർ ഫാ. അബ്രഹാം നിരവത്തിനാൽ എന്നിവർ പങ്കെടുത്തു.