റഹീമിൻറെ ജയിൽ മോചനക്കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി; ഡിസംബർ എട്ടിന് പരിഗണിക്കും
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ ജയിൽ മോചന കേസ് കേൾക്കാൻ കോടതി ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9:30ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
ഇന്ന് (നവംബർ 17) അനുകൂല വിധി ഉണ്ടാകുമെന്ന് പ്രത്യക്ഷിച്ചിരുന്നെങ്കിലും കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ റഹീമിൻറെ ജയിൽ മോചനം ഇനിയും വൈകും. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്നലെ പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള വകുപ്പുകളിൽ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിൻറെ കുടുംബം. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻറെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
അതേസമയം റഹീമിൻറെ മോചത്തിനായി സമാഹരിച്ച ഫണ്ടിൽ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിൻറെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.
റഹീമിൻറെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.