കൊച്ചി ധനുഷ്കോടി ദേശീയ പാത വികസനം: റിവ്യൂ പെറ്റീഷൻ തള്ളി ഹൈക്കോടതി
തിരുവനന്തപുരം: കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ എം എൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനാണ് തള്ളിയത്.
റോഡിൻ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടി വീതം നൂറ് അടി വീതിയിൽ രേഖകൾ പ്രകാരം റവന്യു ഭൂമിയാണെന്ന് ചൂണ്ടി കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിൽ നിന്നും വനം വകുപ്പിനെ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
മുവാറ്റുപുഴ നിർമ്മലാ കോളേജ് ബിരുദ വിദ്യാർത്ഥിനി കിരൺ സിജു, നേര്യമംഗലം വാളറ റോഡ് സൈഡിൽ കരിക്ക് വിറ്റു എന്നതിൻ്റെ പേരിൽ വനം വകുപ്പ് ജയിലിൽ അടച്ച സംഭവത്തിനെതിരെ മീരാൻ ഇരുമ്പുപാലം, ഫാർമേഴ്സ് അവേർനെസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രെഷറർ ബബിൻ ജെയിംസ് എന്നിവർ കേരളാ ഹൈക്കോടതിയിൽ കേസ് നൽകിയിരിന്നു. ഇതിൽ അനുകൂല വിധിവാങ്ങി നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരവെയാണ് വിധിക്കെതിരെ അപ്പീൽ പോകാനുള്ള വനംവകുപ്പ് നീക്കത്തിന് ചിഫ് സെക്രട്ടറി അനുമതി നിഷേധിച്ചത്. തുടർന്നാണ് എം എൻ ജയചന്ദ്രൻ എന്നയാൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വിശദമായ വാദം കേട്ടതാണെന്നും നിലവിലുള്ള രേഖകൾ പ്രകാരം റോഡിനിരുവശവും റവന്യു ഭൂമിയാണെന്നും കേന്ദ്രസർക്കാർ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർമ്മാണ പ്രവർത്തനത്തിനുള്ള അനുമതി നേരത്തെ തന്നെ കൊടുത്തിരുന്നതാണെന്നും അന്ന് വനം വകുപ്പ് കേന്ദ്രസർക്കാരിൻ്റെ നടപടികളെ എതിർത്തിരുന്നില്ലന്നും വ്യക്തത വരുത്തിയാണ് ഹർജി തള്ളിയത്.
രണ്ട് കേസുകളിലും കിരൺ സിജു അടക്കമുള്ളവർക്ക് വേണ്ടി അഡ്വ. ബിജോ ഫ്രാൻസിസ്, അഡ്വ. ജോസ് കുര്യാക്കോസ് വിളങ്ങാട്ടിൽ, അഡ്വ. ലൂയിസ് ഗോഡ്വിൻ എന്നിവർ ഹാജരായി.