നിമിഷപ്രിയയുടെ മോചനം; ഇടപെടാനാവില്ലെന്ന് കേന്ദ്രം, ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി. നയതന്ത്ര ഇടപെടലിന് സാധിക്കില്ലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അതേസമയം, യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്നും ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നുമുള്ള മുൻനിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു.