വനിതാ മഹാപഞ്ചായത്ത്; ആയിരക്കണക്കിന് കർഷകരെയും സ്ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി
ന്യൂഡൽഹി: വനിതാ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട ആയിരക്കണക്കിന് കർഷകരെയും സ്ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി. നിരവധി പേരെ വീടുകളിൽനിന്ന് ശനി രാത്രിതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോഹ്തക്, ഹിസാർ, ഭിവാനി, ജിന്ദ്, ഫത്തേഹാബാദ്, സാംപ്ല, പൽവാൽ, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരങ്ങളാണ് തടവിലായത്.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജഗ്മതി സാഗ്വാൻ, ഡൽഹി സംസ്ഥാന സെക്രട്ടറി മൈമൂന മൊള്ള, എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ദീപ്സിത ധർ എന്നിവരെ ഡൽഹിയിൽ കരുതൽ തടങ്കലിലാക്കി.
സിപിഐ നേതാവ് ആനി രാജയെ ഡൽഹി പാലം വിമാനത്താവളത്തിൽ വന്നിറങ്ങിയയുടൻ കസ്റ്റഡിയിലെടുത്തു.പഞ്ചാബിൽനിന്നുള്ള സ്ത്രീകളെയും കർഷകരെയും പഞ്ചാബ് – ഹരിയാന അതിർത്തിയിലെ നർവാനയ്ക്ക് സമീപം തടഞ്ഞുവച്ചു. അംബാലയിലെ ഗുരുദ്വാര മാഞ്ചി സാഹിബിൽ നൂറുകണക്കിന് ആളുകളെ പുറത്തിറങ്ങാനാകാത്ത വിധം തടഞ്ഞു. സിൻഘു അതിർത്തിയിൽ ആയിരങ്ങൾ കസ്റ്റഡിയിലായി.
തിക്രി അതിർത്തിയിലേക്ക് മാർച്ച് ചെയ്ത എസ്കെഎം നേതാവ് രാകേഷ് ടിക്കായത്തിനെയും രണ്ടായിരത്തിലധികം കർഷകരെയും ഗാസിപുർ അതിർത്തിയിൽ തടഞ്ഞു.പൊലീസ് അക്രമം അരങ്ങേറിയ ഞായറാഴ്ച ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച സംയുക്ത കിസാൻ മോർച്ച, അതിർത്തികൾ അടച്ചത് മോദിയുടെ ഭീരുത്വമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുംവരെ ശക്തമായ പ്രക്ഷോഭങ്ങൾ മോദി സർക്കാരിന് നേരിടേണ്ടി വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.