വയനാട് ഉരുൾപൊട്ടൽ; സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും
വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും. ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയ ഈ ദുരന്തത്തെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് എന്നാണ് സാനിയ വിശേഷിപ്പിച്ചത്. ഈ അവസരത്തിൽ എല്ലാവരും വയനാടിനായി ഒന്നിച്ചു നിൽക്കണമെന്നും സാനിയ അഭ്യർത്ഥിച്ചു.
വയനാട്ടുകാരുടെ വേദന വളരെ വലുതാണ്. ദുരിതബാധിതർക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. വയനാടിന്റെ പുനരധിവാസത്തിനായി ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നിങ്ങൾക്കും അതിൽ പങ്കാളികളാകാം. വയനാടിനായി ഒരുമിച്ച് നിൽക്കാം. ഒന്നിച്ച് മുന്നേറാമെന്നും സാനിയ വീഡിയോയിൽ പറയുന്നു.
വയനാട് ദുരന്തത്തെ തുടർന്ന് ഇതിനോടകം തന്നെ നിരവധി പ്രമുഖർ സഹായങ്ങളുമായും സഹായ അഭ്യർത്ഥനകളുമായും രംഗത്ത് വന്നിരുന്നു.